കൊമ്പന്‍ കൊട്ടാരക്കര കൃഷ്‌ണന്‍ കുട്ടി ചരിഞ്ഞു
കൊട്ടാരക്കര: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഏറ്റവും പ്രായം കൂടിയ കൊമ്പന്‍ കൊട്ടാരക്കര കൃഷ്‌ണന്‍ കുട്ടി ചരിഞ്ഞു. തൊണ്ണൂറിലധികം പ്രായമുള്ള കൊമ്പന്‍ കൊട്ടാരക്കര-നീലേശ്വരം റോഡിന്റെ വശത്താണ് കൊമ്പുകുത്തി ചരിഞ്ഞത്. ശനിയാഴ്‌ച 11 മണിക്കാണ് സംഭവം. തീറ്റ എടുക്കാനായി നീലേശ്വരം അമ്മൂമ്മമുക്കിനു സമീപത്തേക്ക് കൊണ്ടുപോയ ആന തുമ്പിക്കൈയില്‍ക്കൂടി രക്തം ഒഴുക്കിയാണ് വീണത്. കൊമ്പുകുത്തിവീണ ആന ഉടന്‍ ചരിഞ്ഞു. ആനയെ നടന്നുപോയ, അമ്പതുമീറ്ററോളം ദൂരത്തില്‍ രക്തം വീണിട്ടുണ്ട്. തുമ്പിക്കൈയില്‍ കരുതിയിരുന്ന ഓല ഉപേക്ഷിച്ച് കുത്തനെയുള്ള കയറ്റം കയറി നീലേശ്വരം റോഡിന്റെ സമീപത്തെ പറമ്പിലെത്തിയാണ് ആന വീണത്. പ്രായക്കൂടുതലും കയറ്റം കയറിയതുമൂലമുണ്ടായ ക്ഷീണവും മരണകാരണമായെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമേ മറ്റ് അസുഖങ്ങളുണ്ടായിരുന്നോ എന്നതില്‍ വ്യക്തതയുണ്ടാകൂ. 50 വര്‍ഷത്തിലേറെയായി കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര മഹാദേവര്‍ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലാണ് ആന. തേവലപ്പുറം കൈപ്പള്ളഴികത്ത് വീട്ടില്‍ ശങ്കുപ്പിള്ളയുടെ ഉടമസ്ഥതയിലുള്ള ആനയെ വര്‍ഷങ്ങള്‍ക്കു മുമ്പ് ദേവസ്വം ബോര്‍ഡിന് കൈമാറി. കൊട്ടാരക്കര മഹാഗണപതിക്ഷേത്രം, പടിഞ്ഞാറ്റിന്‍കര മഹാദേവര്‍ക്ഷേത്രം, തൃക്കണ്ണമംഗല്‍ ശ്രീകൃഷ്‌ണക്ഷേത്രം, വെട്ടിക്കവല മഹാക്ഷേത്രങ്ങള്‍, തേവലപ്പുറം മൂന്നുമൂര്‍ത്തിക്ഷേത്രം എന്നിവിടങ്ങളിലെ തിടമ്പേറ്റുന്നത് കൃഷ്‌ണന്‍ കുട്ടി ആയിരുന്നു. ശനിയാഴ്‌ച വൈകീട്ട് ആനയുടെ മൃതശരീരം ക്രെയിനിന്റെ സഹായത്തോടെ ഉയര്‍ത്തി ഗണപതിക്ഷേത്രത്തിനു സമീപത്തെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ എത്തിച്ചു. ഞായറാഴ്‌ച പോസ്റ്റ്‌മോര്‍ട്ടം നടത്തി ഉച്ചയ്‌ക്കുശേഷം സംസ്‌കരിക്കും. മാസങ്ങള്‍ക്കു മുമ്പ് തളച്ചിരുന്നിടത്ത് കുഴഞ്ഞുവീണ ആനയെ മഹാദേവര്‍ക്ഷേത്രത്തിനു സമീപത്തെ താത്‌കാലിക ആനത്തറിയിലാണ് തളച്ചിരുന്നത്. ചികിത്സയിലായിരുന്ന ആനയെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് നടത്തിച്ചത്. എന്നാല്‍ ഇത്രദൂരം നടത്തിയതിലും കുത്തനെയുള്ള കയറ്റം കയറ്റിയതിലും ആനപ്രേമികള്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. ആദരസൂചകമായി ശനിയാഴ്‌ച ഉച്ചയ്‌ക്കുശേഷം പട്ടണത്തില്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണല്‍ രാധാകൃഷ്‌ണക്കുറുപ്പ്, അഡ്വ. പി.അയിഷ പോറ്റി എം.എല്‍.എ, മുന്‍ എം.പി. ചെങ്ങറ സുരേന്ദ്രന്‍, ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍.എന്‍.വിജയകുമാര്‍, അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ.പി.ഉണ്ണിക്കൃഷ്‌ണന്‍, മഹാദേവര്‍ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് അഡ്വ. ടി.പി.പ്രകാശ്, സെക്രട്ടറി കെ.ബി.ബിജു, മഹാഗണപതിക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് തേമ്പ്ര വേണുഗോപാല്‍, സെക്രട്ടറി സാബു, സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ ഉടന്‍ സംഭവസ്ഥലത്തെത്തി. സ്‌ത്രീകളടക്കം നൂറുകണക്കിനാളുകള്‍ ചരിഞ്ഞ കൊമ്പന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തി.
Sunday, May 31, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment